നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട കലഹങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറുകയായിരുന്നു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് വന്നപ്പോള്‍ അതില്‍ നിജേഷിന്റെ പേരുണ്ടായിരുന്നില്ല. ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു ആ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാലുശ്ശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് നിജേഷിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

