പതിവുതെറ്റിക്കാതെ ഈ റമദാന്‍ മാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നീക്കിവച്ച് മാതൃകയായി ലുലു ഗ്രൂപ്പ്. പത്തനാപുരം ഗാന്ധിഭവനും കൊല്ലത്തെ പുവര്‍ ഹോമും അടക്കം നിരാലംബരായ മനുഷ്യര്‍ക്ക് അഭയമായ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ഇത്തവണയും സഹായമെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി രണ്ടരകോടിയുടെ സഹായമാണ് ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.


